Followers

Thursday 6 September 2012

പ്രണയകാലം

എന്റെ ഇഷ്ടാ
നീയെന്നെ അത്ഭുതപ്പെടുത്തുന്നു എപ്പോഴും
ഇന്ന് എന്റെ മുഖത്ത് വിടരുന്ന പുഞ്ചിരി 
അതു നീ സമ്മാനിച്ചതാണ് .
നിറമുള്ള കുറെ സ്വപ്‌നങ്ങള്‍ 
നീയാണ് തിരിച്ചെടുത്തത് .
വരണ്ടു പോയ ഹൃദയത്തിലേക്ക്‌ 
ചെറിയ ചാറ്റല്‍ മഴ പോലെ വന്ന്
നീ വന്നത് എവിടെ നിന്നാണ് ...?


നിറയെ പുഴകള്‍  ഉള്ള നാട്ടില്‍ നിന്നാണെന്ന് പറയുമ്പോള്‍
അത്ഭുതങ്ങളാണ്  എനിക്ക് ചുറ്റുമെന്നു  തോന്നിപ്പോവുന്നു
നിന്റെ നാട് ...
നീയിരിക്കുന്ന തെങ്ങിന്‍ തോപ്പ് 
താളമിട്ടോഴുകുന്ന തേജസ്വിനി പുഴ 
വളരെ മുന്‍പേ ഞാനെല്ലാം കണ്ടിട്ടുണ്ട്.
മറഞ്ഞു കിടന്ന ആ നാട് എനിക്കിപ്പോ  വ്യക്തമായി കാണാം.


അന്ന്
നിന്റെ കുഞ്ഞു നാളില്‍ 
 നിന്റെ കളിക്കൂട്ടുകരോടൊപ്പം
 ഞാനുമുണ്ടായിരുന്നു
തെങ്ങിന്‍ തോപ്പിലെ 
വൈകിട്ടത്തെ അച്ചോട്ടു കളിയില്‍  
ഞാനെന്നും കൂടാറുണ്ടായിരുന്നു
പക്ഷെ
എല്ലാരേയും തിരഞ്ഞു പിടിച്ചിട്ടും 
എന്നെ മാത്രം നിനക്ക് കണ്ടെത്താനായില്ല
നിന്റെ കണ്ണുകള്‍ എന്നെ തേടുന്നുവേന്നറിഞ്ഞിട്ടും 
എനിക്ക് നിന്നിലെക്കെത്താന്‍  
പറ്റാതെ പോയ ആ കുട്ടിക്കാലം 
ഇനിയൊരിക്കല്‍ കൂടി വരികയാണെങ്കില്‍
കുറുമ്പ് നിറഞ്ഞ കൃസുതികള്‍ കൊണ്ട് 
നിനക്ക് ചുറ്റും ഞാനൊരു പൂക്കാലം തീര്‍ക്കുമായിരുന്നു .


മഴയും , മഞ്ഞും , വേനലും 
മാറി മാറി പോഴിച്ചു 
കാലം ഉരുളുകയാണ്
മയില്‍പ്പീലി ആകാശം കാണാതെ  
ഒളിപ്പിച്ചു വെച്ച എന്റെ കുഞ്ഞു മനസ്സ്
 വളരുകയാണ്

നിലാവിനെ കാത്തിരുന്നും , 
മഴയെ പുണര്‍ന്നും, 
പുസ്തകങ്ങളോട് കൂട്ട് കൂടിയും
എന്റെ  കൌമാരം .

എനിക്ക് ചുറ്റിലും
 നിറയെ സ്നേഹം പകര്‍ന്നു എല്ലാരുമുണ്ടായിരുന്നു .
ഉപ്പ , ഉമ്മ , കൂടപ്പിറപ്പുകള്‍
ബന്ധുക്കള്‍ , കൂട്ടുകാര്‍ ..എന്നിട്ടും
എന്റെ കണ്ണില്‍ നിഴലിച്ചിരുന്ന 
വിഷാദചായ എന്തിനായിരുന്നു?
കണ്‍ നിറയെ മഴ കാണുമ്പോ 

അനിര്‍വചനീയമായ ഒരു സന്തോഷം
എന്നെ ആവരണം ചെയ്തിരുന്നു ...
ദൂരെയെവിടെയോ 
നീ മഴ കണ്ടു കൊണ്ടിരിക്കുന്നത് കൊണ്ടായിരിക്കാം


പുസ്തകങ്ങളോടൊപ്പം ഉറങ്ങുന്ന രാത്രികള്‍
എന്റേതായ സ്വകാര്യതയിലേക്ക് ഞാന്‍ സഞ്ചരിച്ചു
സ്വപ്നങ്ങളോട് കലഹിച്ചും ,
ഓര്‍മ്മകളോട് സംവദി ച്ചുമുള്ള ദിവസങ്ങള്‍
എപ്പോഴെങ്കിലും  നീ വരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു.
ഇടക്കെപ്പെഴോ അപ്രതീക്ഷിതമായി കടന്നു വന്ന
ജീവിത യാധാര്ത്യങ്ങള്‍ക്ക്  മുന്നില്‍ എന്റെ സ്വപ്‌നങ്ങള്‍ അകലെയാവുകയാണ്


ഞാനൊന്ന്  കണ്ണടച്ചു തുറക്കുമ്പോഴേക്കും 
ജീവിതത്തിന്റെ ദിശ മാറി പോവുകയാണ്

ജീവിതം അങ്ങനെയാണ് ഒരു യാത്ര പോലെ
ചിലപ്പോ പാത  നല്ലതായിരിക്കും , 
ചിലപ്പോ നിറയെ കല്ലും , മുള്ളും നിറഞ്ഞു ...
ഇടയ്ക്കു വഴിയറിയാതെ നിന്ന് പോവാം  .
ജീവിതത്തിന്റെ 
പുതിയ പാഠങ്ങള്‍ പഠിക്കുമ്പോള്‍
 ശരിക്കും ഞാന്‍ നിന്നെ മറന്നു
നിറയെ സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്ന 
എന്റെ ഹൃദയം വരണ്ടുണങ്ങി
ഒരു മരുഭൂമിയാവുകയാണ്
കൂടെ ഉണ്ടായിരുന്നവരെല്ലാം 
മാഞ്ഞു പോവുകയാണ്


നിലാവ് പോഴിയുന്നതറിയാതെ , 
മഴ പെയ്യുന്നത് കാണാതെ
എന്റെ മുറിയുടെ ഏകാന്തതയിലേക്ക് 
ഒരൊളിച്ചോട്ടം
വേദനയ്ക്ക് വല്ലാതെ കനം  വെക്കുമ്പോള്‍ 
കടലാസ്സില്‍ പകര്‍ത്തും
 നോവില്‍ മുങ്ങിപ്പോയ 
ആ അക്ഷരങ്ങളോട് കൂട്ട് കൂടി 
എത്ര ദിവസങ്ങളാണ് കൊഴിഞ്ഞു പോയത്‌

പ്രതീക്ഷകള്‍ ഒന്നുമില്ലാത്തിടത്തെക്ക് 

പിടഞ്ഞു തീരുമായിരുന്ന എന്നിലേക്ക്
ഓര്‍ക്കാപ്പുറത്ത് ഒരു നാള്‍ നീ വന്നു
ആദ്യം അത്ഭുതമായിരുന്നു 
കാത്തിരുന്നപ്പോഴൊന്നും വരാതെ....
വര്‍ഷങ്ങള്‍ക്കു ശേഷം 
എന്റെ കണ്ണുകളിലെ നിര്‍വികാരത മറഞ്ഞു 
പരിഭവം നിറയുകയാണ്
ഇത് വരെ എന്നില്‍ നിന്നും 
ഒളിച്ചു കളിച്ചതിന്റെ പരിഭവം .


നമുക്കിടയില്‍ അകലങ്ങള്‍ ഇല്ലായിരുന്നത് കൊണ്ടായിരിക്കാം
ഞാന്‍ അടുക്കുകയായിരുന്നു 
നിന്നിലേക്ക്
നിന്റെ ഹൃദയത്തിലേക്ക്
എന്റെ വേദനകള്‍ കടലാസ്സിനുമാപ്പുറത്തെക്ക് 
ആദ്യമായി പങ്കു വെക്കപ്പെടുകയാണ് നിന്നിലേക്ക് ...


പുറത്തു നല്ല മഴ പെയ്യുന്നുണ്ടായിരുന്നു 
ഞാനും പെയ്യുകയായിരുന്നു  നിന്നിലേക്ക്
കുറെ നാളത്തെ കൂട്ടി വെച്ച നോവ്‌ 
നിന്നിലേക്ക് പെയ്തു തോരുകയാണ് .


വര്‍ഷങ്ങള്‍ക്കു ശേഷം എന്റെ ഹൃദയത്തിലേക്ക് 
വെളിച്ചത്തിന്റെ 
ചെറിയൊരു തുള വീഴുകയാണ്


പിന്നെ ആ വെളിച്ചത്തിലൂടെ
 നീ പുതിയൊരു ലോകം കാണിച്ചു തന്നു
നിന്റെ കൈ പിടിച്ചു ഞാന്‍ നടന്നു 
വഴിയിലെമ്പാടും  നീ കഥകള്‍ പറഞ്ഞു തന്നു
വേദനയുടെ , നിസ്സഹായതയുടെ 
ത്യാഗത്തിന്റെ , നഷ്ട്ടപ്പെടലിന്റെ 
 ആത്മാര്‍ഥതയുടെ
സന്തോഷങ്ങളുടെ , പ്രതീക്ഷകളുടെ 
അങ്ങനെ നീ പറഞ്ഞു തന്ന കഥകളെല്ലാം 
ജീവിതത്തിന്റെ നേര്‍ക്കഴ്ചകലായിരുന്നു


ഞാന്‍ പോലുമറിയാതെ  
നീയെന്നെ തിരിച്ചെടുക്കുകയായിരുന്നു 
എന്റെ നിറമുള്ള സ്വപ്നങ്ങളിലേക്ക്.
നിന്റെ ക്രുസുര്തികളില്‍ ഞാന്‍ നിറഞ്ഞു  ചിരിച്ചു ..
നീ സമ്മാനിച്ച പുസ്തകങ്ങള്‍ 
പഴയ ആവേശത്തോടെ വായിച്ചു തീര്‍ത്തു
എനിക്കല്‍ഭുതം തോന്നുന്നു  വീണ്ടും ...
വരള്‍ച്ച ബാധിച്ച എന്റെ ഹൃദയത്തിലേക്ക്
 നീയെങ്ങനെയാണ് മഴ വര്‍ഷിച്ചത് 

2 comments:

  1. ഓരോ മഴയിലും സ്വപ്നങ്ങളുടെ
    ഒരായിരം ചിറകുകൾ മുളക്കട്ടേ...
    ആശംസകൾ....

    ReplyDelete