Followers

Saturday 5 January 2013

ദീന യുടെ ഉപ്പച്ചി


ഒരു വ്യാഴ വട്ടക്കാലത്തെ കാത്തിരിപ്പിന് ശേഷം നീലക്കുറിഞ്ഞി പൂത്തു . അതെ , ആദ്യമായിട്ടായിരുന്നു ദീന യുടെ കുഞ്ഞു മുഖത്തു അത്രേം വിടര്‍ന്ന പുഞ്ചിരി വിരിഞ്ഞത് . ക്ലാസിലാകെ ഒരു പൂത്തുമ്പി പോലെ പാറി നടന്നു അവളൊരു വിശേഷം പറഞ്ഞു. ന്ടുപ്പാച്ചിടെ കത്ത് വന്നു ..കൂട്ടുകാര്‍ അവള്‍ക്കു ചുറ്റും കൂടി ...കുറെ കുഞ്ഞു ചെവികള്‍ അവളുടെ സന്തോഷത്തിലേക്കു കാതോര്‍ത്തിരുന്നു . ദീന യുടെ ഉപ്പാച്ചിയെ എല്ലാവര്‍ക്കുമറിയാം ..ഉടുപ്പിടാത്ത ഒരു കുഞ്ഞു വാവയെയും എടുത്ത് തടിച്ചു ഭംഗിയുള്ള ഒരാളിരിക്കുന്ന ഫോട്ടോ ദീന ഇടയ്ക്കിടെ ക്ലാസ്സില്‍ കൊണ്ട് വരും .."എന്ടുപ്പാച്ചിയാ ...ഈ കുഞ്ഞു വാവ ഞാനും" ..അവള്‍ സ്വയം പരിചയപ്പെടുത്തും.

അത്രയെ ദീനക്കുമറിയൂ അവളുടെ ഉപ്പച്ചി യെക്കുറിച്ച് ...ആദ്യമൊക്കെ ദീന പറയാറുണ്ടായിരുന്നു ..എന്ടുപ്പച്ചി സൌദി ന്നു വരും .കൊറേ മിട്ടായി കൊണ്ട് തരുമെന്നൊക്കെ . പക്ഷെ കൂട്ടുകാരുടെയൊക്കെ ഉപ്പമാര്‍ ഗള്‍ഫീന്ന് വന്നും, പോയും കൊണ്ടിരുന്നു ..ദീന യുടെ ഉപ്പച്ചി മാത്രം വന്നില്ല . ലാസ്റ്റ്‌ ബെഞ്ചിലിരിക്കുന്ന മിടായിക്കൊതിയന്‍ ശരത് ദീന യെ കളിയാക്കി ..അവള്‍ടെ ഉപ്പച്ചി ഗള്‍ഫിലോന്നുമല്ല ..ഇത്രേം നാള്‍ വരാതിരിക്കോ ..ഇവള് കളവു പറയുവാ ..അന്ന് ദീന ക്ലാസ്സിലിരുന്ന് വിതുമ്പി കരഞ്ഞു. അമ്പിളി യും അത് ശരി വെച്ചു ..നമ്മള്‍ ഒന്നിലായപ്പോ തുടങ്ങിയതാ ഗള്‍ഫീന്ന് വരും നു പറയാന്‍ ..ഇപ്പൊ നാലില്‍ ആയി ..ഇനീം വന്നില്ല ..ഇത് കളവു തന്നാ. ദീന ക്ലാസിലിരുന്നു വിതുമ്പി.

വീട്ടിന്നു ഉപ്പച്ചി എപ്പഴാ വരാന്നു ചോദിക്കുമ്പോഴേ ഉമ്മച്ചി യുടെ കണ്ണ് നിറയും . "അടുത്തു വരുംട്ടോ നമ്മുടെ ഉപ്പച്ചി " , എട്ടില്‍ പഠിക്കുന്ന ചെറിയ ഇത്താത്ത അവളെ ആശ്വസിപ്പിക്കും . അല്ലാഹുനോട് വേഗം വരാന്‍ ദുആ ചെയ്യ്‌ മോളെ ,

വല്യ ഇത്താത്ത എപ്പോഴും അങ്ങനയെ പറയൂ , ശരത്തും , അമ്പിളിയും കളിയാക്കിയത് കാരണം ദീന അന്ന് കരഞ്ഞാണ് വീട്ടിലെത്തിയത്‌ .

ഉപ്പച്ചിയോടിനി കൂട്ടില്ല ..മിണ്ടില്ല ...കത്ത് പോലുമയക്കാത്ത ഉപ്പച്ചി ചീത്തയാന്നൊക്കെ പറഞ്ഞു കരഞ്ഞപ്പോ വല്യ ഇത്താത്ത ദീന യുടെ അടുക്കല്‍ വന്നു കരഞ്ഞു കലങ്ങിയ കണ്ണില്‍ ഉമ്മ വെച്ചു. "ആ കൊതിയന്‍ ശരത്തും ഉണ്ടക്കണ്ണി അമ്പിളിയും എന്നെ കളിയാക്കി ഇത്താതാ ....നമ്മുടെ ഉപ്പാച്ചി ഗള്‍ഫിലാന്നു ഞാന്‍ കളവു പറയാന്നു" ...അന്ന് രാത്രി പത്തില്‍ പഠിക്കുന്ന ദീന യുടെ ഇത്താത്ത രഹസ്യം പറഞ്ഞു , നമ്മുടെ ഉപ്പാച്ചി ജയിലിലാ മോളെ ..ജയിലീന്ന് വിടുംബോഴെ വരാന്‍ പറ്റൂ ...ഉപ്പച്ചിയോടു കൂട്ടില്ലാന്നോന്നും പറയരുതേ . നമ്മളോട് വലിയ സ്നേഹാ ......ഇത്താക്കൊര്‍മയുണ്ട് ..ദീന കുഞ്ഞാ യിരുന്നപ്പോഴാല്ലേ ഉപ്പച്ചി പോയെ .....മോളെ ഉമ്മ വെച്ചു എന്ത് കരച്ചിലായിരുന്നെന്നോ ...

ദീന ക്ക് ആ രാത്രിക്ക് ഉറങ്ങാന്‍ പറ്റിയില്ല ..ഉപ്പച്ചിയോടു കൂട്ടില്ല ..ചീത്തയാ എന്നൊക്കെ പറഞ്ഞത്‌ അവളുടെ കുഞ്ഞു മനസ്സില്‍ കുറ്റ ബോധം തോന്നിപ്പിച്ചു .....സിനിമയില്‍ കാണുന്ന ജയിലും വെറുതെ തല്ലും കുത്തെം ഒക്കെ ചെയ്യുന്ന പോലീസുകാരും അവളുടെ മനസ്സിലേക്ക് വന്നു . ഇത്താത്ത പറഞ്ഞ പോലെ എത്രേം പെട്ടെന്ന് ഉപ്പച്ചിയെ വിടാന്‍ കുഞ്ഞു മനസ്സ് പ്രാര്‍ഥിച്ചു.

പിന്നെയുള്ള ദിവസങ്ങളില്‍ ദീന ക്ക് പലതും വ്യക്തമായി .ഉമ്മച്ചിയുടെ കണ്ണ് നിറയാതിരിക്കാന്‍ ഒരിക്കല്‍ പോലും ഉപ്പച്ചിയെ കുറിച്ചു ചോദിക്കാതിരിക്കാന്‍ അവള്‍ പഠിച്ചു . മൂന്നു പെണ്‍കുട്ടികളെ വളര്‍ത്താനും പഠിപ്പിക്കാനുമുള്ള ഉമ്മച്ചിയുടെ പെടാപ്പാട് . ഗ്രിഹ നാഥന്റെ ശൂന്യതയില്‍ ഉറങ്ങി കിടക്കുന്ന വീട് ..ഉമ്മച്ചി മക്കളോട് എപ്പോഴും പറയും നന്നായി പഠിക്കണം ..ഉപ്പച്ചി വരുമ്പോ മിടുക്കി കുട്ടികളായിരിക്കണം.

ഉപ്പച്ചിയുടെ വരവിനായി പ്രാര്‍ഥിച്ചു , പ്രാര്‍ഥിച്ചു ദിവസങ്ങള്‍ കടന്നു പോയി . ദീന ആറാം ക്ലാസിലായി ...

അമ്പിളിയും ശരത്തുമൊക്കെ ഇപ്പോഴും ദീന യുടെ ഒപ്പം തന്നെ ഉണ്ട് . ഇപ്പൊ ആരും അവളെ കളി യാക്കാറില്ല . എത്രയും വേഗം ദീന യുടെ ഉപ്പച്ചിയെ ജയിലീന്ന് വിടണേ എന്നാണു എല്ലാ കൂട്ടുകാരുടെയും പ്രാര്‍ത്ഥന ..ആ കാത്തിരിപ്പിലെക്കാണ് ഒരു കത്ത്‌ വന്നത് ..എന്താ കത്തില്‍ ..ഉപ്പച്ചി വരോ ..ജൈലീന്നു വിട്ടോ ദീന വിടര്‍ന്ന കണ്ണിലേക്ക് നോക്കി അനു ചോദിച്ചു ..വരും അനൂ ..പെരുന്നാള്‍ കഴിഞ്ഞാ എത്തുമെന്നാ ...മിട്ടായി വേണം ...ശരത് ഓര്‍മിപ്പിച്ചു ..അവന്റെ മിട്ടായി കൊതി , ഇപ്പോഴും തീര്‍ന്നിട്ടില്ല , അനു കളിയാക്കി ...ജയിലീന്ന് വരുമ്പോ മിട്ടായി ഒന്നും ഉണ്ടാവില്ല , വന്നിട്ട് വാങ്ങി തരാംട്ടോ ശരത്തെ , ദീന ആശ്വസിപ്പിച്ചു .

ബലി പെരുന്നാളിന്റെ നാല് ദിവസത്തെ അവധി കഴിഞ്ഞു വീണ്ടും സ്കൂളിലേക്ക് ..പുത്തന്‍ ഉടുപ്പും പുത്തന്‍ വിശേഷങ്ങളുമായി ....ഒരിക്കലും തീരാത്ത വിശേഷങ്ങള്‍ തന്നെയാണ് കുട്ടിക്കാലത്തെ എന്നും സന്തോഷ പൂര്‍ണ്ണമാക്കുന്നതും.

6 ബി യിലെ സന്തോഷങ്ങളിലേക്ക് ദീന മാത്രം എത്തിയില്ല ..പകരം അവളെ ചുറ്റി പറ്റി പല വിവരങ്ങളും ക്ലാസ്സിലും , സ്കൂളിലും പര ന്നു .....ദീന യുടെ ഉപ്പച്ചിയെ ജയിലീന്ന് വെട്ടിക്കൊന്നു.

ദീന യുടെ നാട്ടില്‍ നിന്ന് വരുന്ന കുട്ടികളാണ് വിവരങ്ങള്‍ പങ്കു വെച്ചത് ....പൊടിപ്പും തൊങ്ങലും വെച്ചു പലരും ദീന യുടെ ഉപ്പച്ചിയുടെ മരണത്തെ പറ്റി വിശേഷിപ്പിച്ചു കൊണ്ടിരുന്നു ...കുട്ടികള്‍ അങ്ങനെയാണല്ലോ ..മുതിര്‍ന്നവരില്‍ നിന്നും കൌതുകത്തോടെ ഓരോ വാര്‍ത്തകളെയും കാതോര്‍ക്കും ...പിന്നെ കുഞ്ഞു ലോകത്തേക്ക് അത് പങ്കു വെക്കലി ലാവും അവരുടെ ശ്രദ്ധ ...മയക്കു മരുന്ന് കൊണ്ടോയിട്ടാ ജൈലീ കുടുങ്ങിയെ ...കൊറേ പൈസ ഉണ്ടാക്കാന്‍ കൊണ്ടോയതെന്നാ എന്റെ ഉമ്മ പറഞ്ഞത്‌ ..ദീന യുടെ തൊട്ടടുത്ത വീട്ടിലെ അനസ്‌ പറഞ്ഞു ..കുട്ടികള്‍ അവനു ചുറ്റും കൂടി . ദീന കരയുന്നുണ്ടോ തിക്കിത്തിരക്കി അനസിന്റെ അടുത്തേക്ക്‌ വന്നു ശരത് ആകാംഷയോടെ തിരക്കി .."ആ ഓളും ഇത്തത്തമാരും പേരും നെലവിളില്യാ,"

" ശരിക്കും അന്ന് വന്നത് കത്തല്ലാന്നു , ഓളെ ഉപ്പാനേ കൊന്നൂന്നുള്ള അറിയിപ്പാ , പെരുന്നാള്‍ കഴീം വരെ ഓളെ വീട്ടിലെ ആരോടും പറയാതിരുന്നതാ ഷഹാന തനിക്ക് കിട്ടിയ വിവരവും കൂട്ടുകാര്‍ക്കിടയില്‍ പങ്കു വെച്ചു ".

പാവം ദീന . അവളുടെ ഉപ്പച്ചി ന്നുമല്ല മയക്കു പോടീ കൊണ്ട് പോയത്‌ , ഉപ്പച്ചീടെ കൂട്ടുകാരന്‍ ചതിച്ഛതാന്നു ദീന പറഞ്ഞിട്ടുണ്ട് , എന്നിട്ടും അവള്‍ടെ ഉപ്പച്ചിയെ കൊന്നു .
വാള് വെച്ചാ അവളെ ഉപ്പച്ചിയെ വെട്ടിയതെത്രേ ..അനുവിന്റെ കണ്ണ് നിറഞ്ഞു..കുറെ ചര്‍ച്ചകള്‍ക്ക് ശേഷം 6ബി മൌനത്തിലാണ്ട് കിടന്നു.

രണ്ടു ദിവസം കഴിഞ്ഞു ക്ലാസ്സ്‌ ടീച്ചറും ശരത്തും അനുവും അടങ്ങുന്ന സംഘം ദീന യുടെ വീട്ടിലെത്തിയെങ്കിലും ആ വീട് പൂട്ടി കിടക്കുകയായിരുന്നു ..ദീന എന്നും വെള്ളമോഴിക്കുന്ന പൂന്തോട്ടം വാടി തുടങ്ങിയിരിക്കുന്നു ....

കളിയും പഠനവുമായി ദിവസങ്ങള്‍ കഴിഞ്ഞു പോയി ...ദീന വരുമെന്ന 6 ബി യിലെ കാത്തിരിപ്പു തീര്‍ന്നിരുന്നു. ...അവളും കുടുംബവും അവളുടെ ഉമ്മച്ചിയുടെ വീട്ടില്‍ പോയെന്നു അവിടത്തെ സ്കൂളില്‍ ദീന പോയി തുടങ്ങിയെന്നും അനസ്‌ വഴി അറിഞ്ഞു.

ഒരധ്യയനം കൂടി വിട പറയാനായി ..വാര്‍ഷിക പരീക്ഷക്ക്‌ ഒരാഴ്ച കൂടിയേ ഉള്ളൂ ....ഉച്ചക്കുള്ള ലഞ്ഞു ബ്രേക്കിലാണ് ദീന അവളുടെ ഉപ്പാപ്പയോടൊപ്പം സ്കൂളില്‍ എത്തിയത്‌ .

"ദീന വന്നു ..ദീന വന്നു" ..ഓഫീസിനു മുന്നില്‍ ഉണ്ട് ശരത്ത് ക്ലാസ്സില്‍ ചെന്ന് വിളിച്ചു കൂവി ...കുട്ടികള്‍ ഓരോട്ടത്തിനു ഓഫീസിലെത്തി ദീന ക്ക് ചുറ്റും നിരന്നു ....അനു ദീന യുടെ കൈ പിടിച്ചു ..ഉപ്പുപ്പ എല്ലാരേം നോക്കി ചിരിച്ചു ...ദീന ചിരിച്ചുമില്ല ...കരഞ്ഞുമില്ല ...അവള്‍ടെ വിടര്‍ന്ന കണ്ണുകള്‍ എല്ലാരേയും അന്വേഷിച്ചു.

ഇനീം ഇവിടെക്ക് വരോ ദീന ...?ഷഹാ ന പ്രതീക്ഷയോടെ ചോദിച്ചു .....

"ഇല്ല ..ഞാന്‍ ഉമ്മച്ചീടെ വീട്ടിലെ സ്കൂളില്‍ പോകാറുണ്ട് . പരീക്ഷക്കിരിക്കാന്‍ ടി .സി വേണം അത് വാങ്ങാന്‍ വന്നതാ"

കുട്ടികള്‍ നിശബ്ദരായി ..പോട്ടെ മക്കളേ ..മൌനത്തെ ലംഘിച്ചു ഉപ്പുപ്പ ദീന യുടെ കൂട്ടുകാരോട് യാത്ര ചോദിച്ചു അവളുടെ കൈ പിടിച്ചു നടന്നു പോയി ...ആ കാഴ്ചക്ക് മുന്നില്‍ എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞു വീണു.

പതിനാലു വര്‍ഷങ്ങള്‍ , ശരത്തിന്റെ കണ്ണില്‍ കണ്ണ് നീര്‍ ഉരുണ്ടു കൂടി ലാപ്പിലെ സ്ക്രീനിലെ കാഴ്ച്ച മറഞ്ഞു ...ചില ഓര്‍മ്മകള്‍ അങ്ങനെയാണ് ..വര്‍ഷങ്ങളോളം പഴക്കം ചെന്നാലും കണ്ണ് നീരായിരിക്കും.

മുഖം കഴുകി വന്നു വീണ്ടും ലാപ്പിലെക്ക് ...ഫെയിസ് ബുക്കിലെ സെര്‍ച്ചില്‍ 600 ഇല്‍ പരം രിസല്‍റ്റുകള്‍.

ദീന എന്‍ , ദീന ശരഫ്‌ , ദീന മലപ്പുറം , ഓരോ പ്രൊഫൈലും ചെക്ക്‌ ചെയ്യുമ്പോ ശരത്തിന്റെ മനസ്സ് മുഴുവന്‍ അവളുടെ മുഖമായിരുന്നു ....

ചുറ്റും അവളുടെ ശബ്ദവും , " ജയിലീന്ന് വരുമ്പോ മിട്ടായി ഒന്നും കൊണ്ടും വരില്ല ..വന്നിട്ട് വാങ്ങി തരാംട്ടോ ശരത്തെ .."

അനസും അമ്പിളിയും അനുവും ശഹാനയുമൊക്കെ താനെ ഫ്രണ്ട് ലിസ്റ്റിലേക്ക് എത്തിചെര്‍ന്നിട്ടും ദീന മാത്രം വരതിരിക്കുമ്പോ 6 ബിയില്‍ അവളുടെ അഭാവം സൃഷ്ട്ടിച്ച അതെ മൂകത തന്റെ ഫ്രണ്ട് ലിസ്റ്റിലേക്ക് നോക്കുമ്പോഴും ശരത്തിന് ഫീല്‍ ചെയ്യുന്നുണ്ടായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു യാത്ര പോലും പറയാതെ യാത്രയായ ആ കൂട്ടുകാരിയെ മുഖ പുസ്തകം തിരിച്ചു തരുമെന്ന പ്രതീക്ഷയോടെ 24 കാരനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ശരത്ത് മഹാദേവന്‍ റിസള്‍ട്ട് ചെക്കിംഗ് തുടരുന്നു ..

2 comments:

  1. ജീവിക്കാന്‍ തന്നെ മാര്‍ഗമില്ലഞ്ഞവള്‍ എങ്ങനെ ഫേസ്ബുക്കില്‍ കാണും ... നല്ല കഥ

    ReplyDelete
  2. മനസ്സിൽ തങ്ങി നിൽക്കുന്ന കഥ. നന്നായി തന്നെ പറഞ്ഞു. എങ്കിലും തുടക്കത്തിൽ ഉണ്ടായ ഒഴുക്ക്‌ അവസാന ഭാഗത്തുണ്ടായില്ല. 6ബി ക്ക്‌ അഭിനന്ദനങ്ങൾ..

    ReplyDelete